ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിന് വധ ശിക്ഷ. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. പോക്സോ കേസിൽ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. സംഭവം നടന്ന് 110-ാം ദിവസം ശിക്ഷ വിധിച്ചതും ശ്രദ്ധേയമാണ്. പ്രതി ദയ അർഹിക്കുന്നില്ലെന്നു കോടതി നിരീക്ഷിച്ചു.
വധ ശിക്ഷയ്‌ക്കൊപ്പം 5 വിവിധ വകുപ്പുകളിലായ ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമന്‍റേതാണ് വിധി.
കൊലപാതകം, തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കൽ, 12 വയസിനു താഴെ പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്യൽ, ലഹരി മരുന്നു നൽകി പീഡിപ്പിക്കൽ, മൃതദേഹത്തോടുള്ള അനാദരവ്, പ്രകൃതി വിരുദ്ധ പീഡനം, തെളിവു നശിപ്പിക്കാൻ ശ്രമിക്കൽ അടക്കമുള്ള കുറ്റങ്ങളിലാണ് തെളിഞ്ഞത്.