കൊച്ചി: സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നതിന് സംസ്ഥാന സർക്കാരിന് സാധിക്കുന്നുണ്ടെന്ന്
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സാമ്പത്തികമായി പ്രതിസന്ധി നേരിടുമ്പോഴും കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നു. കഴിഞ്ഞ ഏഴര വർഷത്തിനിടയിൽ പബ്ലിക് സർവീസ് കമ്മീഷൻ മുഖേന രണ്ട് ലക്ഷത്തിലധികം നിയമനം നടത്താനും 40000 ലധികം പുതിയ തസ്തിക സൃഷ്ടിക്കാൻ കേരളത്തിനായി.
സാമൂഹ്യക്ഷേമ പെൻഷൻ ഉയർത്താനും 2.8 ലക്ഷം കുടുംബങ്ങൾക്ക് പുതിയ റേഷൻ കാർഡ് നൽകാനും കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.
അതിദരിദ്രരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാറിന്റെ പ്രവർത്തനം. വർഗീയത ഇല്ലായ്മ ചെയ്യാൻ കാര്യക്ഷമമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുണ്ട്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന സാക്ഷരത, മികച്ച ആരോഗ്യ സൗകര്യങ്ങൾ,
കുറഞ്ഞ ശിശുമരണ നിരക്ക്, ട്രാൻസ്ജെൻഡർ സൗഹൃദ അന്തരീക്ഷം എന്നിവയിൽ കേരളം മികവ് പുലർത്തുന്നു.
സർക്കാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കേരളത്തിലെ ജനങ്ങളെ ബോധവാന്മാരാക്കുക, ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഓരോ മണ്ഡലത്തിലും നവകേരള സദസ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.