
തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂടിൽ ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു. മൊയ്തീന്‍ എന്ന രണ്ടാം പാപ്പാനാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശിയാണ് മരിച്ച മൊയ്തീന്‍. നരുവാമൂട് ചുറ്റിക്കാട് എന്ന സ്ഥലത്ത് കെട്ടിയിട്ടിരുന്ന ഉണ്ണിക്കുട്ടൻ എന്ന മോഴയാന ആണ് രണ്ടാം പാപ്പാനെ തേറ്റ കൊണ്ട് ഇടിച്ച് തെറിപ്പിച്ചത്.
മൊയ്തീനെ മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. ആനയുടെ ആക്രമണത്തില്‍ വയറ്റില്‍ കുത്തേല്‍ക്കുകയും വാരിയെല്ലുകള്‍ക്ക് ക്ഷതം സംഭവിക്കുകയുമായിരുന്നു.
തടിമില്ലിൽ തടി പിടിപ്പിക്കാനായാണ് ആനയെ കൊണ്ടുവന്നത്. ഭക്ഷണം കൊടുക്കുന്നതിനിടെ പാപ്പാനെ ആന ചുഴറ്റി എറിയുകയായിരുന്നു. നരുവാമൂട് സ്വദേശി സജി മോന്റെ ആനയാണിത്.







