
ചെന്നൈ: തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ്ക്കെതിരേ വീണ്ടും പൊലീസ് കേസ്. മുൻകൂർ അനുമതിയില്ലാതെ ചെന്നൈ ടി നഗറിൽ റോഡ് ഷോ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈ മാമ്പലം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും പ്രചാരണത്തിന് മാത്രമായിരുന്നു അനുമതി. എന്നാൽ വിജയ് റോഡ് ഷോ നടത്തിയെന്നാണ് പരാതി. വിജയ്‌യെ കൂടാതെ ടിവികെ ജനറൽ സെക്രട്ടറി എൻ. ആനന്ദ്, ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി അപ്പുനു എന്നിവർക്കെതിരേയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡാണ് പരാതി നൽകിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമായിരുന്നു പൊലീസ് അനുമതി നൽകിയിരുന്നത് എന്നാൽ പിന്നീട് വിജയ്‌യുടെ റോഡ്ഷോ ആയി അത് മാറുകയായിരുന്നു. ടി നഗർ, തൗസൻഡ് ലൈറ്റ്‌സ്, എഗ്മൂർ തുടങ്ങിയ തിരക്കേറിയ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് വിജയ് റോഡ് ഷോ സംഘടിപ്പിച്ചത്. ഇത് ഗതാഗത തടസ്സമുൾപ്പടെ ഉണ്ടാകുകയും പൊതുജനങ്ങൾക്ക് വലിയ തോതിൽ ബുദ്ധിമുട്ടാവുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.
സർക്കാർ ഉത്തരവ് ലംഘിച്ചതിനടക്കം ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 223 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കുളത്തൂരിലും സമാനമായ കേസ് വിജയ്‌ക്കെതിരെ എടുത്തിരുന്നു.







