

വാഷിംഗ്ടണ്‍: ലബനനും ഇസ്രയേലിനുമിടയില്‍ ചരിത്രപരമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. പത്തുദിവസത്തേക്ക് ഇസ്രയേലും ലബനനും യുദ്ധം ചെയ്യില്ലെന്ന് ട്രംപ് അറിയിച്ചു. ആറു മണിക്കൂറിനകം വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. ലബനന്‍ പ്രസിഡണ്ട് ജോസഫ് ഔണുമായും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും താന്‍ സംസാരിച്ചതായും വെടിനിര്‍ത്തലിന് സമ്മതിച്ചതായും ട്രംപ് വ്യക്തമാക്കി. താന്‍ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണ് ഇതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇറാനെതിരെ ഹോര്‍മൂസില്‍ ഉപരോധം അമേരിക്ക വ്യാപിപ്പിച്ചു. നിയമവിരുദ്ധമെന്ന് കരുതുന്ന ചരക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഉപരോധം വിപുലീകരിച്ചിരിക്കുന്നത്. ഇറാനിയന്‍ തീരത്തേക്ക് എത്താന്‍ ശ്രമിക്കുന്നതായി സംശയിക്കുന്ന ഏതൊരു കപ്പലിനെയും തടഞ്ഞുനിര്‍ത്താനും പരിശോധിക്കാനുമുള്ള അവകാശം അമേരിക്കയ്ക്കുണ്ടാകുമെന്ന് യുഎസ് നേവിയുടെ നിര്‍ദേശത്തില്‍ പറയുന്നു. ഇറാനെതിരായ നാവിക ഉപരോധം ആവശ്യമായ കാലത്തോളം തുടരുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി.
ഹോര്‍മൂസ് നിയന്ത്രിക്കുന്നത് യുഎസ് സൈന്യമാണെന്നും കരാറിന് ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ വീണ്ടും ആക്രമണം തുടങ്ങാന്‍ തയാറാണെന്നും ഇറാന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയാണെന്നും പീറ്റ് ഹെഗ്‌സെത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആയുധങ്ങള്‍, ആയുധ സംവിധാനങ്ങള്‍, വെടിക്കോപ്പുകള്‍, ആണവ വസ്തുക്കള്‍, അസംസ്‌കൃത എണ്ണയും ശുദ്ധീകരിച്ച എണ്ണ ഉല്‍പ്പന്നങ്ങളും, ഇരുമ്പ്, ഉരുക്ക്, അലുമിനിയം എന്നിവയാണ് യുഎസിന്റെ നിര്‍ദേശത്തില്‍ നിരോധിത ചരക്കുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇറാന്‍ എണ്ണ കൊണ്ടുപോകുന്ന കപ്പലുകള്‍ ഉള്‍പ്പെടെ ഇറാനെ സഹായിക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും യുഎസ് പിന്തുടരുമെന്ന് യുഎസ് ജനറല്‍ ഡാന്‍ കെയ്ന്‍ പറഞ്ഞു.










