

അഹമ്മദാബാദ്: നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ 2026-സീസണില്‍ നിന്ന് പ്ലേഓഫ് കാണാതെ പുറത്ത്. ഗുജറാത്തിനോട് 89 റണ്‍സിന് തോറ്റാണ് അനിവാര്യമായ ഈ പടിയിറക്കം. സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്തായ കൡയില്‍ ഒരു ചെറുത്തുനില്‍പ് പോലും നടത്താതെയാണ് ചെന്നൈ ഗുജറാത്തിനോട് കീഴടങ്ങിയത്. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 13.4 ഓവറില്‍ 140 റണ്‍സില്‍ കാലിടറി വീണു. സീസണിലെ എട്ടാമത്തെ തോല്‍വിയും വഴങ്ങിയാണ് ചെന്നൈ ഐപിഎല്‍ സീസണിനോട് വിട പറയുന്നത്. ഗുജറാത്തിന്റെ ഒന്‍പതാമത്തെ വിജയമായിരുന്നു ഇത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തു. ഗുജറാത്തിനായി സായ് സുദര്‍ശന്‍ (53 പന്തില്‍ 84), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (37 പന്തില്‍ 64), ജോസ് ബട്‌ലര്‍ (27 പന്തില്‍ 57) എന്നിവര്‍ അര്‍ധ സെഞ്ചറികളുമായി കളം നിറഞ്ഞ് കളിച്ചു. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന്റെ അടിത്തറയിലായിരുന്നു ഗുജറാത്ത് ഇന്നിംഗ്‌സ്,. ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് 125 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അര്‍ധ സെഞ്ചറി നേടിയ ഗില്ലിനെ സ്‌പെന്‍സര്‍ ജോണ്‍സണിന്റെ പന്തില്‍ ശിവം ദുബെ ക്യാച്ചെടുത്ത് പുറത്താക്കിയതിനു പിന്നാലെയെത്തിയ ജോസ് ബട്ലറും തകര്‍ത്തടിച്ചതോടെ ഗുജറാത്ത് അനായാസം 200 കടന്നു.
ചെന്നൈയുടെ മറുപടി ബാറ്റിങ്ങില്‍ ആദ്യ പന്തില്‍ തന്നെ സഞ്ജു സാംസണെ ഗോള്‍ഡന്‍ ഡക്കാക്കി മുഹമ്മദ് സിറാജ് ഗുജറാത്തിന് ഗംഭീര തുടക്കമാണു നല്‍കിയത്. പവര്‍പ്ലേ തീരുംമുന്‍പേ ചെന്നൈയ്ക്ക് നാലു മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. ശിവം ദുബെയുടെ ചെറുത്തു നില്‍പാണ് സ്‌കോര്‍ 100 കടത്തിയത്. ദുബെ പുറത്തായതോടെ കാര്യമായ പോരാട്ടങ്ങളില്ലാതെ ചെന്നൈ കീഴടങ്ങി. ഗുജറാത്തിനായി മുഹമ്മദ് സിറാജ്, കഗിസോ റബാദ, റാഷിദ് ഖാന്‍ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. 17 പന്തില്‍ 47 റണ്‍സെടുത്ത മധ്യനിര താരം ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. മാത്യു ഷോര്‍ട്ട് (14 പന്തില്‍ 24), അന്‍ഷൂല്‍ കാംബോജ് (എട്ട് പന്തില്‍ 19), കാര്‍ത്തിക്ക് ശര്‍മ (15 പന്തില്‍ 19) എന്നിവരാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്.










