
രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ
കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ വയോധികനെ വീടിന് സമീപത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിച്ചാറ ഒൻപതേസെന്റ് സമീപം താമസിക്കുന്ന ശിശുബാലൻ (65) ആണ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ ഒൻപതേസെന്റ് ഭാഗത്തുള്ള തോട്ടിൽ മൃതദേഹം മലർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തോട്ടിൽ കാര്യമായ വെള്ളമില്ലായിരുന്നു. ദീർഘകാലമായി വീടുകൾതോറും ചൂരൽ പണി ചെയ്തുവരികയായിരുന്നു ശിശുബാലൻ. ഒൻപതേസെന്റിലുള്ള മകന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഹൃദയാഘാതമോ മറ്റോ സംഭവിച്ചതാണോ എന്ന് പോലീസിന്റെ വിശദമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ.







