

റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ തടവിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ജയില്‍ മോചിതനാകുന്നു. റഹീമിന്റെ ജയില്‍ മോചന ഉത്തരവില്‍ ഒപ്പുവച്ചു. വൈകാതെ റഹീം നാട്ടിലേക്ക് തിരിക്കും. ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഇന്നു തന്നെ റഹീമിനെ നാട്ടിലേക്ക് കൊണ്ടുവരാനാണ് നിയമസഹായ സമിതി ശ്രമിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് റഹീമിന്റെ ജയില്‍ മോചനം. വധശിക്ഷ വിധിക്കപ്പെട്ട റഹീമിനായി മലയാളികള്‍ കൈകോര്‍ത്ത് മോചനദ്രവ്യം നല്‍കിയതിനാല്‍ നേരത്തെ സൗദിയിലെ കോടതി വധശിക്ഷ ഒഴിവാക്കി നല്‍കിയിരുന്നു.
2006 നവംബറിലാണ് സൗദി ബാലന്റെ മരണത്തില്‍ അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. വിചാരണയ്‌ക്കൊടുവില്‍ റിയാദിലെ കോടതി വധശിക്ഷ വിധിച്ചു. 2006-ല്‍ ഡ്രൈവര്‍ ജോലിക്കായി സൗദിയിലെത്തിയ റഹീം, സ്‌പോണ്‍സറുടെ ഭിന്നശേഷിക്കാരനായ മകന്‍ മരിക്കാനിടയായ സംഭവത്തിലാണ് ജയിലിലായത്. മനഃപൂര്‍വമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും വധശിക്ഷ വിധിക്കപ്പെടുകയായിരുന്നു.
എന്നാല്‍, ലോകമലയാളികള്‍ ഒന്നടങ്കം കൈകോര്‍ത്ത് സമാഹരിച്ച 34 കോടി രൂപ ദിയാധനമായി നല്‍കിയതോടെയാണ് വധശിക്ഷയില്‍നിന്ന് റഹീം രക്ഷപ്പെട്ടത്. ഇതിനുപിന്നാലെ റിയാദിലെ ക്രിമിനല്‍ കോടതി റഹീമിന് സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ പൂര്‍ത്തിയാക്കണമെന്ന് വിധിച്ചു. ഈ തടവ് കാലാവധി പൂര്‍ത്തിയായതോടെയാണ് ഇപ്പോള്‍ റഹീമിന്റെ മോചനം യാഥാര്‍ഥ്യമായിരിക്കുന്നത്.










